പുതുപ്പള്ളി: ജനമനസുകളില്‍ ഉമ്മന്‍ ചാണ്ടിക്ക് മരണമില്ല. ഈ മനുഷ്യന് സത്യമായും നീതിമാനായിരുന്നു എന്ന് ആലേഖനം ചെയ്തിരിക്കുന്ന പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിലെ കബറിടത്തില്‍ ഇന്നലെ രാത്രിയിലും തിരിനാളങ്ങളും പുഷ്പചക്രങ്ങളുമായി ആളൊഴുക്കുണ്ടായിരുന്നു. ആ മനുഷ്യസ്നേഹിയില്നിന്നു കൈയും മനവും നിറയെ സഹായങ്ങള്‍ ലഭിച്ച അനേകരും അക്കൂട്ടത്തിലുണ്ടായിരുന്നു. അവര്‍ക്കൊക്കെ അവിസ്മരണീയമായ പല കടപ്പാടുകളും അയവിറക്കാനുമുണ്ട്.
അര നൂറ്റാണ്ട് പുതുപ്പള്ളിയുടെ വിലാസമായിരുന്നു ആറേ കാല് അടി തലപ്പൊക്കത്തില്‍ ജനങ്ങള്‍ക്കു നടുവില്‍ നിലകൊണ്ട കരോട്ടുവള്ളക്കാലില്‍ ഉമ്മന്‍ ചാണ്ടി. എംഎല്‍എ പദവിയില്‍നിന്നു മുഖ്യമന്ത്രിപദവിയിലും കോണ്‍ഗ്രസിന്റെ ദേശീയ നേതൃപദവിയിലും എത്തിയപ്പോഴൊക്കെ ആള്‍ക്കൂട്ടത്തിനും അനുയായികള്‍ക്കും നടുവിലായിരുന്നു ജീവിതം. അദ്ദേഹം കൈപിടിച്ചു നടത്തിയവരൊക്കെ എംപിയും എംഎല്‍എയും മന്ത്രിയുമൊക്കെയാകുമ്പോള് ആദ്യം എത്തുന്നത് ഈ കല്ലറയിലാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളായി ജില്ലയിൽ മത്സരിച്ച എല്ലാവരും പത്രികയുമായി കബറിങ്കലെത്തി.
ബിസ്കറ്റ് കൊറിച്ചു പച്ചവെള്ളം കുടിച്ച് ആള്‍ക്കൂട്ടത്തിനു നടുവില്‍ അക്ഷോഭ്യനായി നിന്ന് സങ്കടഫയലുകള് നോക്കി ആവലാതികള്‍ക്കു പരിഹാരമുണ്ടാക്കിയ ഉമ്മന്‍ ചാണ്ടി ഭരണത്തിലെ ജനസമ്പര്‍ക്കപരിപാടി ഒരു മഹാസംഭവമായിരുന്നു.
പ്രതിയോഗികള്‍ കൂരമ്പുകളും കടുത്ത വ്യക്തിഹത്യയും ചൊരിഞ്ഞപ്പോഴൊക്കെ ദൈവത്തിന്റെ കോടതിയിൽ എല്ലാം തെളിയുമെന്ന് അദ്ദേഹം വിധിയെഴുതി. അവസാനം സത്യം തെളിഞ്ഞപ്പോള്‍ പുതുപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയുടെ കല്‍ക്കുരിശില്‍ എണ്ണത്തിരി കത്തിച്ച് അഗ്നിശുദ്ധി വരുത്തിയ നിമിഷവും ആരോപങ്ങളുന്നയിച്ചവരെ അധിക്ഷേപിക്കാനോ ആക്ഷേപിക്കാനോ ഉമ്മന്‍ ചാണ്ടി തയാറായില്ല.
പുതുപ്പള്ളിയിലെ കുടുംബ വീട്ടില്‍ ഒരു പകല്‍ നീളുന്ന ഞായര്‍ ദര്‍ബാറുകളിലെ ജനാവലിക്കു നടുവില്‍ സങ്കടഹര്ജികളില് തീര്‍പ്പുണ്ടാക്കിയ സമര്‍പ്പിത ജനസേവകനെ ആരും മറക്കില്ല. മുഖ്യമന്ത്രിയായിരിക്കെ വഴിയോരത്തു നില്ക്കുന്ന പരിചയക്കാരനരികില് ഒന്നാം നമ്പര്‍ സ്റ്റേറ്റ് കാര്‍ നിർത്തി അവരുടെ ക്ഷേമം അന്വേഷിക്കുകയും ഞായറാഴ്ചകളില്‍ പുതുപ്പള്ളി പള്ളിയുടെ നടയില്‍ മടികാലിട്ടിരുന്ന് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുകയും ഓശാനപ്പെരുന്നാളില്‍ കുരുത്തോലയുമായി അയല്‍ക്കാര്‍ക്കൊപ്പം നാട്ടുവിശേഷം പറഞ്ഞു കാല്‍നടയായി വീട്ടിലേക്കു പോകുകയും ചെയ്തിരുന്ന മുഖ്യമന്ത്രി പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് മാത്രമായിരുന്നു.
രണ്ടു വര്‍ഷം മുന്‍പ് ഖദറുടുപ്പിനു മുകളില്‍ കോണ്‍ഗ്രസ് കൊടിയിലെ കൈപ്പത്തി നെഞ്ചോടു ചേര്‍ത്ത് നിശ്ചലനായി കിടന്ന നേതാവ്. ആ ഭൗതികശരീരം അനന്തപുരിയില്‍നിന്നു കോട്ടയംവരെയെത്തിക്കാന് രണ്ടു പകല്‍ വേണ്ടിവന്നു.
കോട്ടയത്തുനിന്നു പുതുപ്പള്ളിയിലേക്കുള്ള അന്ത്യയാത്രയില്‍ റോഡ് നിറഞ്ഞുനടന്ന ജനാരവത്തിനു നടുവിലൂടെയാണ് ആ മഞ്ചല് മെല്ലെ നീങ്ങിയത്. ഇന്നും അനേകരുടെ ഓര്‍മത്താളുകളില്‍ ഉമ്മന്‍ ചാണ്ടി അനശ്വരനായി ജീവിക്കുന്നു.